‘പൂക്കള്‍ കാത്തിരിക്കുന്നു’
അകനാടക വായനക്കാഴ്ച നമ്മുടെ പുസ്തക പ്രസാധകര്‍ ഒന്നടങ്കം പറയുന്നൂ, നോവലുകളെയും കഥകളേയുമപേക്ഷിച്ച് നാടകങ്ങള്‍ വിറ്റുപോകാത്തത് പുതിയ നാടകങ്ങളുടെ പ്രസിദ്ധീകരണം അസാദ്ധ്യമാക്കിത്തീര്‍ത്തിരിക്കുന്നുവെന്ന്. മുതിര്‍ന്ന നാടകകൃത്തുക്കള്‍പോലും പറയുന്നൂ, നമ്മുടെ നാടകപ്രവര്‍ത്തകര്‍ക്കുപോലും നാടകങ്ങള്‍ വായിക്കുന്ന ശീലമില്ലാതെയെന്ന്! അതേസമയം, സര്‍ഗ്ഗാത്മക കൃതികള്‍ വാങ്ങിവായിക്കുക ശീലമാക്കിയ കേരളത്തിലെ സംസ്‌ക്കാരസമ്പന്നരായ പൊതുവായനക്കാരും പറയുന്നൂ, കഥകളോടും കവിതകളോടുമുള്ള താത്പര്യത്തേക്കാള്‍ നാടകം കാണാനുണ്ടെങ്കിലും തങ്ങള്‍ക്ക്, നാടകം വായനയില്‍ താത്പര്യമേയില്ലെന്ന്! ശുദ്ധ വായനക്കാരെന്തുകൊണ്ടാണ് നാടകകൃതികളില്‍നിന്ന് അകന്നുനില്‍ക്കാനിടയാകുന്നത്? അനുഭവംകൊണ്ടറിയാം, ഓരോ നാടകകൃതിയും രചിയ്ക്കപ്പെടുന്നത് അതിന്റെ രംഗാവതരണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് അഥവാ ഓരോ നാടകരചനയും രംഗാവതരണപാഠമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അതിന്റെ വായനക്കാര്‍ നാടകപ്രവര്‍ത്തകരായിരിക്കും; അതേസമയം പൊതുവായനക്കാരും അത് വായിക്കേണ്ടിവരിക, അതിന്റെ രംഗാവതരണത്തെ സങ്കത്പിച്ചുകൊണ്ടായിരിക്കുകയും വേണം. അതായത് നാടകങ്ങളുടെ രചനയും വായനയും അര്‍ഥപൂര്‍ണ്ണമാകുന്നത്, അവതരണവുമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ്; നാടക പ്രവര്‍ത്തകരും നാടകാവതരണവും സജീവമാകാതിരിക്കുമ്പോഴാണ്, നാടകരചനയും അവയുടെ പ്രസിദ്ധീകരണവും വായനയുമൊക്കെ പ്രതിസന്ധിയിലാവുന്നതെന്നര്‍ഥം. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മലയാള തനത് നാടക സാഹിത്യത്തില്‍ പുതുതായി അവതരിപ്പിയ്‌പ്പെട്ട ‘അകനാടക’സങ്കത്പവും, അകനാടക രചനകളും, അവയുടെ പ്രസിദ്ധീകരണവും, പൊതുവായനക്കാരുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കാനിടയായത്; വായനാസംസ്‌ക്കാരത്തിന് പുതിയ ആസ്വാദനതലങ്ങളും സംവാദങ്ങളുമൊക്കെ ഉദയം ചെയ്യാനിടയാക്കിയിരിക്കുന്നത്. ഇതിനുകാരണം അകനാടകങ്ങളോരോന്നും രചിയ്ക്കപ്പെട്ടത് വായനയ്ക്കുവേണ്ടിയാണ്; കഥയും കവിതയുംപോലെ അനായാസം വായിച്ചാസ്വാദിക്കാവുന്നതുകൊണ്ടാണ്- നാടകങ്ങള്‍ നമുക്ക് പുറത്തുള്ളൊരു രംഗവേദിയില്‍ അരങ്ങേറപ്പെടേണ്ടവയാണെങ്കില്‍, അകനാടകങ്ങള്‍ വായനക്കാരന്റെ അന്തഃരംഗത്തില്‍; മനസ്സില്‍ അരങ്ങേറപ്പെടുകയാണ്. വായനക്കാരുമായി സംവദിക്കുന്ന അകനാടക സങ്കത്പഘടനയില്‍ പ്രശസ്ത നാടക-തിരക്കഥാകൃത്ത് എം. സുകുമാര്‍ജി പുതുതായി രചിച്ച അകനാടക സമാഹാരം, ‘പന്ത്രണ്ട് അകനാടകങ്ങള്‍’ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്‌സാണ്….. എന്നും പുതിയ സംവേദനങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന സംസ്‌ക്കാര സമ്പന്നരായ വായനക്കാരും നാടകപ്രവര്‍ത്തകരും ഇതിനോടകം ഉജ്ജ്വലമായ സ്വീകരണമാണ് അകനാടകത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. അതിന്റെ മറ്റൊരു ദൃശ്യസാക്ഷ്യമാണ് ഞങ്ങളിവിടെ പുതുതായി അവതരിപ്പിക്കുന്നത്- പുസ്തകത്തിലെ ‘പൂക്കള്‍ കാത്തിരിക്കുന്നു’യെന്ന അകനാടകത്തിന്റെ വായനക്കാഴ്ച. നാടക-സീരിയല്‍ നടി കാഞ്ചന ചെങ്ങളായി വായിച്ചവതരിപ്പിച്ചതിന്റെ ദൃശ്യക്കാഴ്ചയൊരുക്കിയത് ഞങ്ങള്‍ക്കയച്ചുതന്നിരിക്കുന്നത്, പ്രശസ്ത നാടക സംവിധായകനും രചയിതാവും നടനുമായ ശ്രീ. ബിജു ചുഴലിയാണ്. വായനക്കാഴ്ചയിലെ അഭിമാനവും, മാതൃഭൂമി ബുക്‌സിനോടും ബിജു ചുഴലിയോടും കാഞ്ചന ചെങ്ങളായിയോടുമുള്ള നന്ദിയും അറിയിച്ചുകൊണ്ട് ഞങ്ങളവതരിപ്പിക്കുന്നൂ- അകനാടക വായനക്കാഴ്ച: പൂക്കള്‍ കാത്തിരിക്കുന്നു.