ജ്ഞാനമാര്‍ഗ്ഗം

പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്ജിയുടെ ‘ജ്ഞാനമാര്‍ഗ്ഗം: ജിജ്ഞാസയും അനുഭവവും’ ആ.ബുക്‌സ് പ്രസിദ്ധീകരിക്കുന്നത് ഒരു നിയോഗമായി കരുതുകയാണ്.

സ്വാമിജിയുടെ വേദാന്ത-ആയുര്‍വേദ ദര്‍ശനങ്ങളുടെ പഠനങ്ങളെയും, വ്യാഖ്യാനങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തി ഞങ്ങള്‍ മുമ്പ് പയ്യന്നൂരില്‍നിന്ന് ‘ആത്മീയ ദൃശ്യമാസിക’ പ്രസിദ്ധീകരിക്കുകയുണ്ടായി; പ്രസ്തുത മാസികയ്ക്കുവേണ്ടി സ്വാമിജി ഖണ്ഡശ്ശയായി എഴുതിത്തന്നിരുന്നതാണ് ഞങ്ങളിപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

പ്രസ്തുത മാസിക പ്രസിദ്ധീകരിച്ചുവന്നിരുന്നത്, സ്വാമിജി കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആദ്ധ്യാത്മിക പഠനക്ലാസ്സുകള്‍ നടത്തിവന്നിരുന്ന സമയമായിരുന്നു; സ്വാമിജിയുടെ ചിന്തകളില്‍; ദാര്‍ശനിക വ്യാഖ്യാനങ്ങളില്‍; സത്യതയുടെ ഘനഗംഭീരമായ പൗരുഷശബ്ദത്തില്‍ കേരളത്തിലെ യുവതീയുവാക്കള്‍ ആക ര്‍ഷിയ്ക്കപ്പെട്ടുകൊണ്ടിരുന്ന; പിന്തുടര്‍ന്നുകൊണ്ടിരുന്ന സമയമായിരുന്നു.
അക്കാലത്ത്, ഒരാള്‍ക്ക് സ്വാമിജിയെ തനിച്ചുകിട്ടുക അപൂര്‍വാനുഭവമായിരുന്നൂ; സ്വാമിജിയുടെ സഞ്ചാരപഥങ്ങളില്‍ രാവും പകലും ഭേദമെന്യേ, ആള്‍ക്കൂട്ടമായിരുന്നൂ; അവരില്‍ അധികവും, തങ്ങളുടെ വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് മരന്നുകള്‍ കുറിച്ചുവാങ്ങാനെത്തിവരാകാം; മറ്റു ചിലര്‍ യൂണിവേഴ്‌സിറ്റിതലത്തില്‍ ആയുര്‍വേദം പഠിച്ചിറങ്ങി, പ്രായോഗികമായ ചികിത്സാനുഭവങ്ങള്‍ക്കുവേണ്ടിയും, തനത് ഔഷധസസ്യങ്ങളെയും പരമ്പരാഗത ഔഷധയോഗങ്ങളെയും അടുത്തറിയാനായി പിന്തുടരുന്നവരാകാം; മറ്റുചിലരാകട്ടെ, സ്വാമിജിയെ വിടാതെ പിന്തുടര്‍ന്നിരുന്നത് സ്വാമിജിയുടെ  ശിഷ്യ ന്മാരാകാനും, സ്വാമിജിയില്‍നിന്ന് സന്യാസദീക്ഷ സ്വീകരിക്കാനും വേണ്ടിയായിരുന്നൂ.

ആയുര്‍വേദസംബന്ധവും, ദാര്‍ശനികസംബന്ധവുമായ ഏതൊരു സംശയനിവാരണത്തിനും, ആര്‍ക്കും, എപ്പോഴും, സ്വാമിജിയെ സമീപിക്കാം; അതിനെല്ലാം സ്വാമിജി സദാ സന്നദ്ധനായി കാതോര്‍ത്തിരിക്കും; വിനയാന്വിതനായി കൃപാപൂര്‍വം ഉപദേശങ്ങള്‍ നല്‍കും; പക്ഷേ ശിഷ്യത്വത്തിനും, സന്യാസദീക്ഷയ്ക്കും മാത്രം സ്വാമിജി വഴങ്ങില്ല; അതുകൊണ്ടുതന്നെ, സ്വാമിജിക്ക് ശിഷ്യന്മാരുമുണ്ടായില്ല; ശിഷ്യന്മാര്‍ക്കുവേണ്ടി പണിതുയര്‍ത്തിയ ആശ്രമങ്ങളുമുണ്ടായില്ല!

അതേസമയം സ്വാമിജിയാകട്ടെ, തന്റെ ഗുരുക്കന്മാരോടുള്ള ഭക്ത്യാദരങ്ങള്‍ പ്രകടിപ്പിക്കുവാനും, ഗുരുപാദപൂജകള്‍ ചെയ്യുവാനും ലഭിക്കുന്ന അവസരങ്ങളിലെല്ലാം സര്‍വാര്‍പ്പിതനായി പരിണമിക്കുന്നത് കാണാം; പക്ഷേ, സ്വന്തമായി ശിഷ്യന്മാരെ സൃഷ് ടിക്കാന്‍ വിമുഖനുമാണ്. എന്നാലോ, സ്വാമിജിയുടെ ശിഷ്യത്വം സ്വീകരിക്കാനുള്ള ആഗ്രഹവുമായി എത്തുന്നവരുടെ ഒഴുക്ക് എപ്പോഴുമുണ്ടായിരുന്നുതാനും! അപ്പോഴൊ ക്കെ, സ്വാമിജി കൃപാപൂര്‍വം അവരെ ഉപദേശിച്ചുബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്; ജീവിതത്തിലെ ആദ്ധ്യാത്മികവും, ഭൗതികവുമായ പഠനങ്ങളുടെ ബ്രഹ്മചര്യാശ്രമത്തി ന്റെയും; അതിന്റെ ജ്ഞാനവിജ്ഞാനങ്ങളുടെ പ്രായോഗികതലമായ ഗൃഹസ്ഥാശ്രമത്തിന്റെയും; അതിന്റേതായ ഉത്തരവാദിത്വകര്‍മ്മങ്ങള്‍ മുഴുവന്‍ നിര്‍വഹിച്ചുകഴിഞ്ഞെത്തിച്ചേരുന്ന വാനപ്രസ്ഥാശ്രമത്തിന്റെയും മഹത്വങ്ങളായിരുന്നൂ; അതിനുശേഷം സ്വാഭാവികമായി; ക്രമികമായി പരിണമിച്ചുണ്ടാകേണ്ടതാണ് സന്യാസാശ്രമമെന്നായിരുന്നൂ.

സ്വാമിജിയുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചുകേട്ടവരില്‍ അധികവും, അതോടെ സ്വഭവനങ്ങളിലേക്ക് മടങ്ങുന്നത് കാണാം; പക്ഷേ, ചുരുക്കം ചിലരുണ്ട്; അവര്‍ക്ക് സന്യാസലോകത്തോടുള്ള ആകര്‍ഷണവും, ഭ്രമവും അടങ്ങിക്കാണില്ല; അവര്‍ സ്വഭവനങ്ങളിലേക്ക് മടക്കമില്ലെന്ന് തീരുമാനിച്ചിറങ്ങിപ്പുറപ്പെട്ടവരാണ്; ഇത്തരക്കാരെ സ്വാമിജി തന്റെ കൂടെ കുറച്ചുനാള്‍ നിര്‍ത്തുകയും, അങ്ങനെയവരുടെ ജന്മവാസനകളെ തിരിച്ചറിയുകയും, അവരുടെ വാസനയ്ക്കനുയോജ്യരായ ആചാര്യന്മാരുടെയോ, ഗുരുക്കന്മാരുടെയോ അടുക്കലേക്ക് പറഞ്ഞയക്കുകയും ചെയ്യും; അങ്ങനെ ഹരിദ്വാറിലും, ബോംബെയിലുമൊക്കെയുള്ള ആശ്രമങ്ങളിലേക്ക് പറഞ്ഞയച്ചിരുന്ന യുവാക്കളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവിടങ്ങളില്‍ പിടിച്ചുനിന്നിരുന്നത്; അധികവും തിരിഞ്ഞോടുകയാണുണ്ടായത്; പിടിച്ചുനിന്നവരാകട്ടെ, പലരും ഇന്ന് ശ്രദ്ധേയരായ സംസ്‌കൃതപണ്ഡിതരും, ആദ്ധ്യാത്മികാചാര്യന്മാരും, ആയുര്‍വേദഭിഷഗ്വരന്മാരുമൊക്കെയായി പരിണമിച്ചവരാണ്.

എന്തുകൊണ്ടാണ് സ്വാമിജി ഔദ്യോഗികമായി, ഒരാള്‍ക്കുപോലും ശിഷ്യത്വം നല്‍കാതിരുന്നത്? സ്വന്തമായൊരു ആശ്രമം നിര്‍മ്മിക്കാതിരുന്നത്? ചോദ്യങ്ങള്‍ക്ക് സ്വാമിജി വളരെ ആര്‍ജ്ജവത്തോടെയാണ് മറുപടി പറഞ്ഞിരുന്നത്; ഒരുവനെ ശിഷ്യനായി സ്വീകരിക്കുകയെന്നതിന് അര്‍ത്ഥം, അവനെ സന്താനമായി സ്വീകരിക്കുകയെന്ന ഉത്തരദായിത്വമുള്ളൊരു വൈദികകര്‍മ്മമാണ്; അവന് അറിവുകള്‍ പകര്‍ന്നുനല്‍കുക മാത്രമല്ല, അവനെ എല്ലാത്തരത്തിനും സംരക്ഷിച്ചിരിക്കണം; താമസിക്കാന്‍ ആശ്രമം സ്വന്തമായുണ്ടാകണം; ഞാനാകട്ടെ, കുട്ടിക്കാലത്തുതന്നെ തന്റെ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചവനാണ്; പിന്നെ, ആശ്രമങ്ങള്‍ തന്നെയും ഉപേക്ഷിച്ചവനാണ്!

ഇത്തരമൊരു ചരിത്രപശ്ചാത്തലത്തിലാണ് സ്വാമിജി, സന്യാസദീക്ഷയെക്കുറിച്ചും, ജ്ഞാനമാര്‍ഗ്ഗത്തെക്കുറിച്ചും, ജിജ്ഞാസയുണര്‍ന്നവര്‍ക്കതിന്റെ അനുഭൂതിതലത്തിലേക്ക് ഉയരാനുമുള്ള മാര്‍ഗ്ഗോപദേശങ്ങള്‍ നല്‍കാവുന്നൊരു ഗ്രന്ഥം; ‘ജ്ഞാനമാര്‍ഗ്ഗം: ജിജ്ഞാസയും അനുഭവവും’ രചിക്കാനിടയായത്.
ഗുരുകടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്, ജ്ഞാനജിജ്ഞാസ്സുക്കളായ സാധകന്മാ ര്‍ക്കുവേണ്ടിയുള്ള സ്വാമിജിയുടെ മാര്‍ഗ്ഗോപദേശങ്ങളടങ്ങിയ ഈ മഹദ്ഗ്രന്ഥം, ആ.ബുക്‌സിന് പ്രസിദ്ധീകരിക്കാന്‍ ഭാഗ്യമുണ്ടായതെന്ന വിശ്വാസത്തോടെയും; ഗുരുകൃപയ്ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടും, ‘ജ്ഞാനമാര്‍ഗ്ഗം: ജിജ്ഞാസയും അനുഭവവും’ ഞങ്ങ ളിവിടെ അവതരിപ്പിക്കുന്നു.

ഒപ്പം, പുസ്തകപ്രസാധനത്തിനുപിന്നില്‍ പലതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഏറണാകുളം കാക്കനാട്ടെ ശ്രീ.ഏ.മുത്തുസ്വാമി, ഒറ്റപ്പാലം പാലിയില്‍മഠാധികാരികള്‍, പാലക്കാട്ടെ ശ്രീ.രാകേഷ്പീറ്റര്‍, പാടിയോട്ടുചാലിലെ സംസ്‌കൃതാചാര്യന്‍ ശ്രീ.രാധാകൃഷ്ണന്‍ കാവില്‍ ശ്രീ.ടി.എസ്.രവീന്ദ്രന്‍ എന്നിവരോടുള്ള പ്രത്യേക  കടപ്പാടുമിവിടെ രേഖപ്പെടുത്തട്ടെ.

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart